കാസറഗോഡിന്റെ ബാക്കി പത്രം

>> Wednesday, November 18, 2009

ചെറിയ ഒരു ഇടവേളക്ക് ശേഷമാണ് കാസറഗോഡ് എന്നിലും നിങ്ങളിലും ചോദ്യചിഹ്നമായത്.മുസ്ലീം ലീഗ് മാര്‍ച്ചും അതിനെ തുടര്‍ന്നുണ്ടായ കല്ലേറും പോലീസ് വെടിവെപ്പും ഇതൊക്കെ തുടര്‍ന്നാണ് ഈ പോസ്റ്റ് ഇടുന്നത്.ഒരു ദിവസത്തെ ഹര്‍ത്താല്‍ തന്ന ലീവില്‍ എഴുതികൂട്ടിയത്.

ആദ്യം തന്നെ കുറച്ച്നാള്‍ മുമ്പത്തെ ഒരു കാര്യം പറയട്ടെ.കാസര്‍ഗോഡ് ടൌണിലേ കുറച്ച്നാള്‍ മുമ്പേ ഞാനും എന്റെ ഒരു സുഹൃത്തും(സുഹൃത്ത് ഒരു പെണ്‍കുട്ടിയാണേ) നടന്ന് പോവുകയുണ്ടായി.തിരിച്ചെത്തിയപ്പോള്‍ അച്ഛന്‍ പറഞ്ഞത്,മോനേ എനിക്ക് പേടിയായിരുന്നു എന്നാണ്.‘അവിടെ വെച്ച് ഒരു മുസ്ലീം ആണ്‍കുട്ടിയും ഹിന്ദു പെണ്‍കുട്ടിയും നടന്ന് പോയെന്ന് പറഞ്ഞ് നിങ്ങള്‍ക്കെന്തെങ്കിലും..?‘

ഇപ്പോള്‍ നിങ്ങള്‍ കരുതിയിട്ടുണ്ടാവും ഈ ഒളിപ്പോരന്‍ ഒരു മുസ്ലീമും കൂട്ടുകാരി ഒരു ഹിന്ദുവുമാണെന്ന്.എന്നാല്‍ ആദ്യത്തെ പോസ്റ്റില്‍ തന്നെ നിങ്ങളെ പറ്റിക്കുവാന്‍ കഴിഞ്ഞ സന്തോഷത്തോടെ പറയട്ടെ,ഞാന്‍ മുസല്‍മാനല്ല.(അച്ഛന്‍ എന്നോട് അങ്ങനെ പറഞ്ഞത്,എന്നെ കണ്ട് കുറെ പേര്‍ മുസ്ലീംകുട്ടിയാ എന്ന് തെറ്റിദ്ധരിച്ച അനുഭവമുള്ളത് കൊണ്ടാവാം.)അമ്മ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു,അച്ഛന്‍ കമ്മ്യൂണിസ്റ്റായത് കൊണ്ട് ഹിന്ദുവെന്ന് പറയാറില്ല,ഈ അച്ഛന്റെ മോന് മനസ്സ്കൊണ്ട് മതവുമില്ല.

ഇപ്പോള്‍ കാസറഗോഡ് സംഭവത്തില്‍ ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പോലീസ് വെടിവെപ്പില്‍ മരിച്ചിരിക്കുന്നു.നിര്‍ഭാഗ്യകരവും വിഷമമുണ്ടാക്കുന്നതുമാണത്.അങ്ങേയറ്റം വ്യസനത്തോടെ പറയട്ടെ,അയാള്‍ എന്റെ നാട്ടുകാരനാണ്.ഞാന്‍ കാസറഗോഡ് സംഭവത്തിലേക്ക് കൂടുതല്‍ കടക്കുന്നില്ല.കാസറഗോഡിന്റെ നിലവിളി എന്റെ ഈ കൊച്ചുഗ്രാമത്തില്‍ എങ്ങനെ പ്രതിധ്വനിച്ചു എന്ന് ഒരു കൊച്ചുദാഹരണം വഴി പറയുന്നു.പോലീസ് വെടിവെപ്പില്‍ മരിച്ച സഹോദരന്റെ മൃതദേഹം കാണാന്‍ സ്വാഭാവികമായും നാട്ടുകാരെത്തി.അക്കൂട്ടത്തില്‍,മുസ്ലീം ലീഗ് യു.ഡി.എഫില്‍ അംഗമായത്കൊണ്ടോ,മരിച്ചയാള്‍ നാട്ട്കാരനായത് കൊണ്ടോ,നാട്ടുകാരനോടുള്ള സ്നേഹം കൊണ്ടോ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചെറുപ്പക്കാരനും മൃതദേഹം കാണാനെത്തി.അയാളുടെ വേഷം ഒരു കാവിമുണ്ടും ഷര്‍ട്ടുമായിരുന്നു.കാവിമുണ്ടുടുത്തെന്ന കാരണത്താല്‍ അയാളിപ്പോള്‍ ആശുപത്രിയിലാണ്.കത്തി തുളഞ്ഞ് കയറിയത് തുടയിലാണ്.കുത്ത് കൊണ്ടയാള്‍ക്ക് ആര്‍.എസ്.എസ്.മെമ്പര്‍ഷിപ് ഇല്ലാത്തത് കൊണ്ടോ എന്തോ ഇത് വലിയ മത ലഹളയായി മാറാതിരുന്നു.അത് തന്നെ ഏറ്റവും വലിയ ആശ്വാസം.

കാസറഗോഡ് ഇതിനുമുമ്പുണ്ടായ പ്രശ്നങ്ങളൊന്നും ലീഗും ബി.ജെ.പി.യും തമ്മിലായിരുന്നില്ല.മുസല്‍മാനും ഹിന്ദുവും തമ്മിലായിരുന്നു.ഒരിക്കല്‍ മാതാ അമൃതാനന്ദമയി എന്ന സ്ത്രീ തന്റെ ഭക്തന്‍മാരോട് ചോദിച്ചു:നിങ്ങള്‍ക്കെന്തിന് മക്കളേ രാഷ്ട്രീയമെന്ന്.സ്വയം ഇരിപ്പിടം ഉറപ്പിക്കാന്‍ ജനങ്ങളെ അരാഷ്ട്രീയരാക്കാന്‍ ശ്രമിച്ച ആ സ്ത്രീയോട് തിരിച്ചു ചോദിക്കട്ടെ,നിങ്ങള്‍ക്കെന്തിനാണിങ്ങനെ മതം.കണ്ണൂരും രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉടലെടുക്കാനുണ്ടായ അത്യന്തികമായ കാരണം മതവും അത് വളര്‍ത്തിയ സംഘടനകളുമാണെന്ന് കാണാം.ഇതിന്റെ രണ്ടിന്റെയും ഇടക്ക് ഇത്തിരി ചുവപ്പിന് കീഴില്‍ ഇരിക്കുന്നത് കൊണ്ട് ഇതുവരെ ചുവപ്പ് പുതപ്പിച്ച് തെക്കോട്ടെടുത്തില്ല.പക്ഷേ എന്റെ ചോരയെ പേടിയാണെനിക്ക്.

രാഷ്ട്രീയം രാഷ്ട്രത്തിന് മൊത്തമായത് കൊണ്ട്
ഒളിപ്പോരന്‍ ഒന്ന് ചോദിച്ചോട്ടെ രാഷ്ട്രീയത്തില്‍ നിന്നെങ്കിലും മതത്തെ എടുത്തുകളഞ്ഞൂടെ?ഒരു മതവിശ്വാസത്തെയും ഒളിപ്പോരന്‍ എതിര്‍ക്കുന്നില്ലെന്ന് സ്നേഹത്തോടെ പറഞ്ഞുകൊള്ളട്ടെ.

6 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് November 18, 2009 at 12:28 PM  

എല്ലാത്തിന്റേയും പുറകില്‍ ചില സ്ഥാപിത താല്പര്യക്കാരാണ്. അവര്‍ക്ക് മതമോ, രാഷ്ട്രീയമോ അല്ല പ്രശ്നം. അവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി മതത്തേയും രാഷ്ട്രീയത്തേയും അവര്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

അഭിജിത്ത് മടിക്കുന്ന് November 18, 2009 at 12:44 PM  

കാസറഗോഡ് നിന്നൊരു ഒളി ശബ്ദം!!!

Midhin Mohan November 18, 2009 at 1:12 PM  

വഴി തെറ്റിപ്പോയ രാഷ്ട്രീയവും മതഭ്രാന്തും കുരുടന്മാരെ സൃഷ്ടിച്ചു വിടുന്നു...
അവരുടെ കണ്ണ് തുറക്കുന്ന കാലം വരട്ടെ എന്ന് പ്രത്യാശിക്കാം.....

KRISHNAKUMAR R November 18, 2009 at 3:20 PM  

മതമായാലും രാഷ്ട്രീയമായാലും അത് കൈകാര്യം ചെയ്യുന്നവരുടെ മനസ്സ് പോലെയും താല്പര്യം പോലെയും ആയിരിക്കും പ്രവൃത്തിയും...നമുക്ക് വേണ്ടതും നമുക്കും നമ്മുടെ സമൂഹത്തിനും നല്ലതും ഏതാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്...സജീവമായിത്തന്നെ കാര്യങ്ങള്‍ മനസ്സിലാക്കുകയും പഠിക്കുകയും വേണം. അല്ലാതെ എല്ലാ രാഷ്ട്രീയക്കാരെയും കുറ്റം പറഞ്ഞു നമ്മള്‍ മാന്യന്മാരാകാന്‍ ശ്രമിക്കുന്നത് ഈ സാമൂഹ്യവിരുദ്ധരെ വളര്‍ത്താനും സമൂഹത്തിനു നന്മ ചെയ്യുന്നവരെ തളര്‍ത്താനും മാത്രമേ ഉപകരിക്കൂ.

.. November 18, 2009 at 5:13 PM  

ഒളിപ്പോരാളി താങ്കള്‍ക്കു ഒരായിരം അഭിവാദ്യങ്ങള്‍ ..............സ്വാഗതം ബൂലോകത്തേക്ക് പുതിയ പേരില്‍.....

പ്രദീപ്‌ February 27, 2010 at 4:43 AM  

ഇഷ്ടപ്പെട്ടു , ഈ ചിന്തകള്‍ .

ചിന്തനീയം .............

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP